ചക്കിട്ടപാറ പഞ്ചായത്തിൽ ആറാം വാർഡിലെ മുതുകാട് കലക്ടീവ് ഫാം മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി പുലി ഇറങ്ങിയതായി സംശയം.
ഫാം സ്കൂളിനു സമീപത്തെ കോച്ചേരിൽ രാജന്റെ വീട്ടിലെ വളർത്തു നായയെ പുലി പിടിച്ചതായി വീട്ടുകാർ പറഞ്ഞു. പുലർച്ചെ രണ്ടിനു നായയുടെ കുര കേട്ട് എഴുന്നേറ്റ വീട്ടുകാർ ലൈറ്റ് ഇട്ടപ്പോൾ നായയെ പുലി പിടിക്കുന്നതാണു കണ്ടത്. ഈ വീട്ടിലെ തന്നെഅഴിച്ചുവിട്ട മറ്റൊരു നായയെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവിടെ കണ്ടെത്തിയ കാൽപാട് പുലിയുടേതാണെന്ന് നാട്ടുകാർ പറയുന്നു.
പേരാമ്പ്ര പ്ലാന്റേഷൻ കോർറേഷൻ എസ്റ്റേറ്റ് ഭൂമിയിൽ നിന്നു 50 മീറ്ററോളം ദൂരത്തിലാണ് ഈ വീട് . മാസങ്ങൾക്കു മുൻപ് കലക്ടീവ് ഫാം മേഖലയിലെ വീട്ടിൽ നിന്നു 3 നായ്ക്കളെ കാണാ തായിരുന്നു. ഈ ഭാഗത്ത് രാത്രിയിൽ മൃഗങ്ങളുടെ കരച്ചിൽകേൾക്കാമെന്ന് നാട്ടുകാർ പറയുന്നു.
പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്‌റ്റേഷൻ അധികൃതർ സ്‌ഥലം സന്ദർശിച്ചു. പുലിയാണെന്നു സംശയിക്കുന്നതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. ഈ മേഖലയിൽ താമസിക്കുന്നവർക്കു വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകി. രാജന്റെ വീട്ടുമുറ്റത്തിനു സമീപത്ത് കെട്ടിയിരുന്ന പശുവിനെയും നായയെയും മാറ്റി. വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രി പട്രോളിങ് ശക്തമാക്കി.