Trending

കക്കയത്ത് കനത്തമഴ


പേരാമ്പ്ര : കെ.എസ്.ഇ.ബി.യുടെ കുറ്റ്യാടി ജലവൈദ്യുതപദ്ധതിക്ക് കീഴിലുള്ള കക്കയം ഡാം മേഖലയിൽ കഴിഞ്ഞദിവസം ലഭിച്ചത് കനത്തമഴ. 190 മില്ലീമീറ്റർ മഴയാണ് ശനിയാഴ്ച രാവിലെ ഏഴുവരെയുള്ള 24 മണിക്കൂറിനുള്ളിൽ ലഭിച്ചത്. പെരുവണ്ണാമൂഴി ഡാം മേഖലയിൽ 24 മണിക്കൂറിനുള്ളിൽ 157 മില്ലീമീറ്റർ മഴയും രേഖപ്പെടുത്തി.
കാലവർഷം തുടങ്ങി ഒരുമാസം പിന്നിട്ടപ്പോഴും കക്കയം ഡാമിലുള്ളത് 38.61 ശതമാനം വെള്ളമാണ്. മഴ ശക്തമാകുന്നതിന് തൊട്ടുമുമ്പത്തെ ദിവസം 33 ശതമാനം വെള്ളമാണുണ്ടായിരുന്നത്. 758.04 മീറ്റർ പരമാവധി സംഭരണപരിധിയുള്ള ഡാമിൽ 9.45 മീറ്റർ താഴെയാണ് (748.59 മീറ്റർ) ഇപ്പോഴത്തെ ജലനിരപ്പ്. 33.98 ദശലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള ഡാം റിസർവോയറിൽ 13.120 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണുള്ളത്. 24 മണിക്കൂറിനുള്ളിൽ അഞ്ച് ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന കക്കയം പവർഹൗസിൽ 2.32 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞദിവസം ഉത്പാദിപ്പിച്ചത്.
കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിലുള്ള പെരുവണ്ണാമൂഴി ഡാം റിസർവോയറിലും 69 ശതമാനം വെള്ളമാണുള്ളത്. 105.69 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം സംഭരിക്കാവുന്ന പെരുവണ്ണാമൂഴി ഡാമിൽ 72.51 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമേയുള്ളൂ. ഡാമിൽ പരമാവധി വെള്ളം സംഭരിക്കാവുന്ന പരിധിയായ 44.41 മീറ്ററിൽനിന്ന് 5.52 മീറ്റർ താഴെയാണ് (38.89 മീറ്റർ) കഴിഞ്ഞദിവസത്തെ ജലനിരപ്പ്. സെക്കൻഡിൽ 54.43 ക്യുബിക് മീറ്റർ വെള്ളം ഷട്ടറുകൾ തുറന്ന് കുറ്റ്യാടിപ്പുഴയിലേക്ക് ഒഴുക്കിവിടുന്നുണ്ട്. പെരുവണ്ണാമൂഴി ജലവൈദ്യുതപദ്ധതിക്കും ജപ്പാൻ കുടിവെള്ളപദ്ധതിക്കും വെള്ളം കൊണ്ടുപോകുന്നുമുണ്ട്.


Post a Comment

Previous Post Next Post