Trending

യുനൈറ്റഡ് വരും, ജനഹൃദയങ്ങളുടെ വിശ്വാസത്തിന് 50 വയസ്സിന്റെ തിളക്കം



✍🏿നിസാം കക്കയം

കക്കയം :ഒരേ പേരിൽ, ഒരേ റൂട്ടിൽ 50 വർഷത്തിലധികമായി സർവീസ് നടത്തുന്ന കക്കയം - കോഴിക്കോട് റൂട്ടിലെ യുനൈറ്റഡ് ബസ് നാടിന്റെ സ്പന്ദനങ്ങളറിയുന്ന ബസ് സർവീസാണ്. 1971ലാണ് വലിയ സ്വപ്നങ്ങളുമായി രാവുണ്ണി നായരും, തടത്തിൽ കുട്ടിചേട്ടനും ചേർന്ന് ചെറിയൊരു കമ്പനി സ്ഥാപിക്കുന്നത്. അതിന് യുനൈറ്റഡ് സർവീസ് എന്ന് പേരിട്ടു. ഗ്രാമപട്ടണങ്ങളെ നഗരവുമായി ബന്ധിപ്പിക്കുക, ഗതാഗത സൗകര്യം എല്ലാവർക്കും താങ്ങാവുന്നതാക്കി മാറ്റുക എന്നതായിരുന്നു ഇവരുടെ കാഴ്ചപ്പാട്. കാലക്രമേണ കമ്പനി വളർന്നു. സമൂഹത്തിന്റെയും മലയോര മേഖലയുടെയും അവിഭാജ്യ ഘടകമായി ബസ് സർവീസ് മാറി. ബാലുശ്ശേരി - കോഴിക്കോട്, കോഴിക്കോട് - കൂരാച്ചുണ്ട്, കൊയിലാണ്ടി - താമരശേരി തുടങ്ങിയ റൂട്ടിലൂടെയും ഇപ്പോൾ യുനൈറ്റഡ് സർവീസ് ഉണ്ട്. പക്ഷേ അതിന്റെ പേര് അതേപടി തുടർന്നു. സർവീസിന്റെ തുടക്കത്തിൽ മുതലുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണത്.

അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം രാവുണ്ണി നായരുടെ മരുമകനായ ബാബുവും, കുട്ടി ചേട്ടന്റെ മക്കളുമാണ് ഇപ്പോൾ കമ്പനിക്ക് നേതൃത്വം നൽകുന്നത്. കോഴിക്കോട് മുതൽ കക്കാടംപൊയിൽ വരെയായിരുന്നു യുനൈറ്റഡ് ബസിന്റെ ആദ്യ സർവീസ്. പിന്നീട് മലയോര മേഖലകളായ തലയാട്, കരിയാത്തുംപാറ വഴി കക്കയത്തേക്ക് ബസിന്റെ സർവീസ് നീട്ടുകയായിരുന്നു. യാത്രക്കാർ കൂടുതലുള്ള മേഖലകളിലേക്ക് സർവീസ് നടത്താൻ അവസരമുണ്ടായിട്ടും, കക്കയം തിരഞ്ഞെടുത്തതിന് പിന്നിൽ മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന രൂക്ഷമായ യാത്രാ ദുരിതത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യം മുൻ നിർത്തിയായിരുന്നു.

അതോടെ ബസ് സർവീസ് കുടിയേറ്റ മേഖലയുടെ കൂട്ടായ്മക്കും വികസനത്തിനും ഏറെ വിലപ്പെട്ട പങ്കാണ് വഹിച്ചു പോരുന്നത്. മലയോര മേഖലയിലെ വിദ്യാർഥികൾ, സ്ത്രീകൾ, രോഗികൾ ഉൾപ്പടെയുള്ള ബഹുജനങ്ങൾക്ക് ഏറെ സഹായകരമാണ് യുനൈറ്റഡ് സർവീസ്. കൊറോണ സമയത്ത് മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമായിരുന്നു യുനൈറ്റഡ് ബസ്. ഡീസലിനുള്ള വരവ് പോലും ഇല്ലാത്ത ദിവസങ്ങളിലും ബസ് സർവീസ് നടത്തിയിരുന്നു.

അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം യുനൈറ്റഡ് സർവീസ് ഒരു ശ്രദ്ധേയമായ നാഴികക്കല്ല് ആഘോഷിക്കുന്നു. ഒരേ പേരിൽ ഒരേ റൂട്ടിൽ 50 വർഷത്തെ സേവനം. സ്കൂളുകളിലേക്കും, ജോലി സ്ഥലത്തേക്കും, അങ്ങാടികളിലേക്കും മറ്റും പോകുന്നതിന് ആശ്രയിക്കുന്ന കുടുംബങ്ങളുടെ തലമുറകൾ വളർന്നു. ഡ്രൈവർമാരും, ജീവനക്കാരും വന്നും പോയുമിരുന്നുവെങ്കിലും മലയോര - കുടിയേറ്റ മേഖലകളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ബസ് സർവീസ് തുടർന്ന് കൊണ്ടിരിക്കുകയാണ്. ബസ് പുറപ്പെടുമ്പോൾ അവ യാത്രക്കാരെ മാത്രമല്ല, ഭൂതകാലത്തെയും, വർത്തമാനത്തെയും, ഭാവിയെയും കുറിച്ചുള്ള ഓർമ്മകളും സ്വപ്നങ്ങളും കൂടിയാണ് ഒപ്പം കൊണ്ട് പോകുന്നത്.

Post a Comment

Previous Post Next Post