കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് കീഴിലുള്ള പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസ് പരിധിയിലെ വനത്തിലെ തേക്ക് അടക്കമുള്ള മരങ്ങൾ മുറിച്ച് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കി കോൺക്രീറ്റ് ബിൽഡിംഗ് പണിയാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. ഉന്നതരടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള സൗകര്യത്തിനായി 92 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണങ്ങൾക്കായുള്ള ശ്രമം തുടങ്ങിയത്.
സംരക്ഷിത വനമേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സുഖ സൗകര്യങ്ങൾക്കായി മരങ്ങൾ മുറിച്ച് മാറ്റാൻ ഉത്തരവിടുന്നവർ തന്നെ കർഷകൻ്റെ ഭൂമിയിൽ കടന്ന് കയറി ആധിപത്യം സ്ഥാപിക്കുകയും , കൃഷിയിടത്തിലെ മരങ്ങൾ മുറിക്കുന്നതിന് കേസെടുത്ത് കർഷകരെ ദ്രോഹിക്കുകയുമാണ്.
പ്രകൃതി സംരക്ഷണത്തിൻ്റെ മറവിൽ കർഷകരെ ദ്രോഹിക്കുന്ന വനം വകുപ്പിന്, വനത്തിനകത്തെ മരങ്ങൾ മുറിച്ച് മാറ്റി സുഖ സൗകര്യം ഒരുക്കുന്നത് പ്രതിഷേധാർഹമാണ്. വനഭൂമിയിലെ മരങ്ങൾ നഷ്ടപ്പെടുമെന്ന് കാണിച്ച് റോഡടക്കമുള്ള എല്ലാ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്ന സമീപനമാണ് വനം വകുപ്പ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്.
വനഭൂമിയിൽ വനം വകുപ്പ് മുറിച്ച് മാറ്റിയ മരങ്ങൾക്ക് പകരം അതേ സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടു കൊണ്ടാണ് വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വ്യത്യസ്ത സമരം നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനഭൂമിയിൽ എന്തും ചെയ്യാമെന്ന സമീപനം മാറിയില്ലെങ്കിൽ കർഷകർ ചോദ്യം ചെയ്യുമെന്ന താക്കീതാണ് ഇന്ന് നട്ടിട്ടുള്ള വൃക്ഷത്തൈകൾ .
പെരുവണ്ണാമൂഴിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് വനം വകുപ്പ് മരങ്ങൾ മുറിച്ച് മാറ്റിയ സ്ഥലത്തിനടുത്ത് വെച്ച് പോലീസ് തടഞ്ഞു. വനം വകുപ്പ് മരങ്ങൾ മുറിച്ച് മാറ്റിയ സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടു കൊണ്ട് അഡ്വ:സുമിൻ.എസ്.നെടുങ്ങാടൻ ഉദ്ഘാടനം ചെയ്തു. വി ഫാം സംസ്ഥാന ചെയർമാൻ ജോയി കണ്ണൻച്ചിറ, ബാബു പുതുപ്പറമ്പിൽ, രാജു പൈകയിൽ , സണ്ണി പാരഡൈസ് ,തോമസ് പൊക്കാട്ട് എന്നിവർ നേതൃത്വം നൽകുകയും സംസാരിക്കുകയും ചെയ്തു.
Tags:
Latest
