കൂരാച്ചുണ്ട്. : പെരുവണ്ണാമൂഴി, കൂരാച്ചുണ്ട് സ്റ്റേഷൻ പരിധിയിലെ മുതുകാട്, കക്കയം മേഖലകളിൽ മാവോയിസ്റ്റ് ഭീഷണിക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ മുതൽ പൊലീസ് സുരക്ഷ കർശ്ശനമാക്കി. കക്കയം വനമേഖലയോടു ചേർന്ന പ്രദേശത്ത് കൂരാച്ചുണ്ട് എസ്എച്ച്ഒ കെ.പി.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ തണ്ടർബോൾട്ട് ഉൾപ്പെടെ 20 അംഗ ടീമിനെ നിയോഗിച്ചു.
മുതുകാട്, പ്ലാന്റേഷൻ കോർപറേഷൻ എസ്റ്റേറ്റ്, വനമേഖല, ആദിവാസി കോളനി എന്നിവിടങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുണ്ട്. മുൻപ് ഒട്ടേറെ തവണ ഈ പ്രദേശങ്ങളിൽ മാവോയിസ്റ്റുകൾ വരുകയും പോസ്റ്ററുകൾ പതിച്ചു മടങ്ങുകയും ചെയ്തിരുന്നു.
ആദിവാസി കോളനികളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. തണ്ടർബോൾട്ട് ഉൾപ്പെടെ പ്രത്യേക പരിശീലനം ലഭിച്ച സേന പെരുവണ്ണാമൂഴി എസ്എച്ച്ഒ കെ.സുഷീറിന്റെ നേതൃത്വത്തിൽ മുതുകാട് മേഖലയിൽ ക്യാംപ് ചെയ്തിട്ടുണ്ട്.
വയനാട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനാൽ വയനാടൻ മലനിരകൾക്ക് ചേർന്നുള്ള മുതുകാട്, കക്കയം പ്രദേശങ്ങളിലേക്ക് മാവോയിസ്റ്റുകൾ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മുതുകാട്ടിൽ കടുവ സഫാരി പാർക്ക് സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിന്റെ സാഹചര്യത്തിൽ സുരക്ഷ കർശ്ശനമാക്കാൻ നിർദ്ദേശവും ഉണ്ട്.