Trending

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം



അവധി ദിനങ്ങളില്‍ വൈകിട്ട് 3 മുതല്‍ രാത്രി 9 വരെ വലിയ വാഹനങ്ങള്‍ അനുവദിക്കില്ല

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ശക്തമായ സാഹചര്യത്തില്‍ അവധി ദിനങ്ങളില്‍ ഇതുവഴിയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവിട്ടു. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങള്‍, രണ്ടാംശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകള്‍ എന്നീ ദിവസങ്ങളില്‍ വൈകുന്നേരം 3 മണിക്കും 9 മണിക്കും ഇടയിലാണ് ഗതാഗത നിയന്ത്രണം.

ഈ ദിവസങ്ങളില്‍ 6 വീലില്‍ കൂടുതലുള്ള ടിപ്പറുകള്‍, 10 വീലില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ട്രക്കുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ ചുരത്തിലൂടെ കടന്ന് പോകാന്‍ അനുവദിക്കില്ല. തിങ്കളാഴ്ച രാവിലെ 6 മുതല്‍ 9 മണി വരെയും ഈ നിരോധനം പ്രാബല്യത്തില്‍ ഉണ്ടാകും. ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ചാണ് ജില്ലാതല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങള്‍ തുടരും.

ചുരത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തരമായി പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങളുടെ ഓപ്പറേറ്റര്‍മാര്‍, വാഹന അറ്റകുറ്റപ്പണി വിദഗ്ധര്‍ തുടങ്ങിയവരുടെ സേവനം വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ഒരു എമര്‍ജന്‍സി സംവിധാനം ഏര്‍പ്പെടുത്താന്‍ താമരശ്ശേരി പോലീസിന് നിര്‍ദ്ദേശം നല്‍കി.

Post a Comment

Previous Post Next Post