കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ നിപ ബാധ സംശയിക്കുന്നതിനാൽ ജില്ലയിൽ രണ്ട് ഇടങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര എന്നീ ഭാഗങ്ങളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്കൂളുകൾക്കും അംഗനവാടികൾക്കും അവധി ബാധകമാണ്.
നിപ ബാധമൂലം മരിച്ചെന്ന് കരുതുന്ന രണ്ട് പേരും തമ്മിൽ സമ്പർക്കമുണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച്ച മരിച്ച വ്യക്തിക്ക് ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശിയുമായി സമ്പർക്കമുണ്ടായതായാണ് സംശയിക്കുന്നത്. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചെങ്കിലും പൂനെ വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷം മാത്രമെ രോഗം
സ്ഥിരീകരിക്കാനാവൂ. മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
അതിനിടെ ഓഗസ്റ്റ് 30ന് മരിച്ചയാളുടെ രണ്ട് മക്കളടക്കം നാല് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച രണ്ട് പേരുടെയും സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന്റെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കും.
