Trending

ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് മൊഴി നല്‍കാന്‍ എത്തിയ യുവതിയെ പീഡിപ്പിച്ചു; എസ്‌ഐക്കെതിരേ കേസ്


ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് മൊഴി നല്‍കാന്‍ എത്തിയ യുവതിയെ എസ്‌ഐ പീഡിപ്പിച്ചെന്ന പരാതിയില്‍ എടച്ചേരി പോലിസ് സ്‌റ്റേഷനിലെ മുന്‍ എസ്‌ഐ അബ്ദുള്‍ സമദിനെതിരെ കോടതി നിര്‍ദേശ പ്രകാരം വടകര പോലിസ് കേസെടുത്തു.

രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് വടകര സ്വദേശിയായ വീട്ടമ്മ എടച്ചേരി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി അബ്ദുള്‍ സമദ് വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കുകയും ഇവരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് അടുപ്പം സ്ഥാപിക്കുകയായിരുന്നു.

തുടര്‍ന്ന് കേസന്വേഷണത്തിന്റെ ഭാഗമായി വയനാട്ടിലാണുള്ളതെന്നും മൊഴി നല്‍കാന്‍ അവിടേക്ക് എത്തണമെന്നും വീട്ടമ്മയോട് അബ്ദുള്‍ സമദ് ആവശ്യപ്പെട്ടെന്നും യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി റിസോര്‍ട്ടിലെത്തിച്ച വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് പല സ്ഥലങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

എസ്‌ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മ വടകര ജെഎഫ്എം കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് വടകര പോലിസ് അബ്ദുള്‍ സമദിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നവെന്ന് കാട്ടി പരാതിക്കാരിയുടെ ഭര്‍ത്താവ് വടകര റൂറല്‍ എസ് പിക്ക് മുമ്പ് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കല്‍പ്പറ്റയിലേക്ക് സ്ഥലം മാറ്റിയ അബ്ദുള്‍ സമദിനെ പിന്നീട് സസ്‌പെന്റ് ചെയ്യുകയായിരുന്നു.

Post a Comment

Previous Post Next Post