Trending

ഡീസൽ ഇല്ല: KSRTCയുടെ 50% ഓർഡിനറി ബസുകൾമാത്രം ഇന്ന് ഓടും, നാളെ 25%, ഞായറാഴ്ച ഓടില്ല.





തിരുവനന്തപുരം;ഡീസലടിക്കാൻ പണമില്ലാത്തതിനാൽ ഇന്നും ശനിയാഴ്ചയും ഞായറാഴ്ചയും കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിച്ചുരുക്കാൻ ഉത്തരവ്. ഓർഡിനറി സർവീസുകൾക്കാണ് നിയന്ത്രണം. ഇതനുസരിച്ച് വെള്ളിയാഴ്ച അമ്പത് ശതമാനവും ശനിയാഴ്ച 25 ശതമാനവും സർവീസുകൾ മാത്രമാണ് നടത്തുക. ഞായറാഴ്ച പൂർണമായും സർവീസ് ഒഴിവാക്കും. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകൾക്ക് കൈമാറിയിരിക്കുന്നത്. വിശദമായ ഉത്തരവ് പിന്നീട് വരും...

നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഭാഗമായും ഡീസലിന്റെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും മോശം കാലാവസ്ഥയിലുമാണ് വരുമാനമില്ലാതെ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപ്പർ ക്ലാസ് സർവീസുകൾ വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും ഉച്ചക്ക് ശേഷം കഴിവതും കൃത്യമായി ഓപ്പറേറ്റ് ചെയ്യുകയും ഞായറാഴ്ച്ച ഉച്ചക്ക് ശേഷം എല്ലാ ദീർഘദൂര സർവീസുകളും ഓപ്പറേറ്റ് ചെയ്യുകയും തിങ്കളാഴ്ച്ച തിരക്ക് ഉണ്ടാകുമ്പോൾ ഏതാണ്ട് പൂർണമായും ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു.

തിങ്കളാഴ്ച്ച ലഭ്യമായ ഡീസൽ ഉപയോഗിച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയിൽ പരമാവധി ഓർഡിനറി സർവീസുകൾ ട്രിപ്പുകൾ ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണമെന്നും ഉത്തരവിലുണ്ട്.

വരുമാനമുള്ള സർവീസുകൾ നടത്തണമെന്ന് പറയുമ്പോഴും മിക്ക ജില്ലകളിലും ഡീസൽ പ്രതിസന്ധിമൂലം ഇന്നലെ മുതൽ സർവീസുകൾ നടത്താൻ കഴഞ്ഞിട്ടില്ല. വയനാട് കൽപ്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി ഡിപ്പോയിൽ സർവീസുകൾ മുടങ്ങി. ജില്ലയിലെ ഭൂരിഭാഗം പ്രാദേശികസർവീസുകളും ഓടിയില്ല. മുണ്ടക്കൈ, കോട്ടത്തറ, പടിഞ്ഞാറത്തറ വൈപ്പടി തുടങ്ങിയസ്ഥലങ്ങളിൽ രാവിലെയും ഓരോട്രിപ്പുകൾ നടത്തിയശേഷം ബസുകൾ ഡിപ്പോയിൽ നിർത്തിയിട്ടു. യാത്രക്കാരുടെ തിരക്ക് നോക്കിയാണ് ഗ്രാമീണമേഖലകളിലേക്ക് ഓരോട്രിപ്പുകൾ നടത്തിയത്. മാനന്തവാടി ഡിപ്പോയിൽനിന്ന് ദീർഘദൂരസർവീസുകൾ ഓടിയെങ്കിലും കോഴിക്കോട് സർവീസുകൾ മുഴുവൻ നടത്താനായില്ല.മറ്റ് ജില്ലകളിലും സമാന അവസ്ഥയാണ്.

കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ജൂൺമുതലുള്ള ശമ്പളം നൽകാനുണ്ട്.ഇപ്പോൾ ഇന്ധനത്തിനുള്ള പണമാണ് ശമ്പളം നൽകാനുപയോഗിക്കുന്നത്. അതുകൊണ്ട് ഇന്ധനപ്രതിസന്ധി ഇനിയും തുടരുമെന്നാണ് ജീവനക്കാർ പറയുന്നത്. അതേസമയം പണമില്ലാത്തതുകൊണ്ടല്ല ഐ.ഒ.സി.യിലെ തൊഴിലാളിയൂണിയനുകളുടെ സമരം കാരണമാണ് ഡീസൽ പ്രതിസന്ധിയുണ്ടായതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു.

Post a Comment

Previous Post Next Post