Trending

മോഷ്ടിച്ച ടിപ്പർലോറി മണിക്കൂറുകൾക്കകം പിടികൂടി: മുക്കം പോലീസിന്‌ പൊൻതൂവൽ



*മോഷണംപോയ ടിപ്പർലോറി ഗുണ്ടൽപേട്ടിന് സമീപത്തുനിന്ന്‌ മുക്കം പോലീസ് പിടികൂടി*

മുക്കം : മുക്കത്തുനിന്ന് മോഷണംപോയ ടിപ്പർലോറി മണിക്കൂറുകൾക്കകം ഗുണ്ടൽപേട്ടിൽനിന്ന് മുക്കം പോലീസ് പിടികൂടി. മുക്കം നഗരസൗന്ദര്യവത്കരണപ്രവൃത്തിയുടെ കരാറെടുത്ത യു.എം.ആർ. കമ്പനിയുടെ ടിപ്പർലോറിയാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ മുക്കം പോലീസ് പിടികൂടിയത്. ലോറി മോഷ്ടിച്ച് കൊണ്ടുപോയ പ്രതിയെയും പോലീസ് പിടികൂടി. മധ്യപ്രദേശ് സ്വദേശി രാജേഷ് മർഖ(24)യാണ് പിടിയിലായത്. ഇയാളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. മുക്കം പാലത്തിനുസമീപം നിർത്തിയിട്ടിരുന്ന ലോറി കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ് കാണാതായത്.

നിർമാണക്കമ്പനിയുടെ ഓവർസിയർ ഉടനെ മുക്കം പോലീസിൽ വിവരം അറിയിച്ചു. മുക്കത്തെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അഗസ്ത്യൻമുഴി ഭാഗത്തേക്കാണ് ലോറി പോയതെന്ന് കണ്ടെത്തി. പോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ട്, കളൻതോട് സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങളും പരിശോധിച്ചു. ഈ ക്യാമറയിൽ ലോറിയുടെ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ, താമരശ്ശേരി ഭാഗത്തേക്കാണ് ലോറി പോയതെന്ന് മനസ്സിലായി. താമരശ്ശേരി റോഡിലെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് വാഹനം കടന്നുപോയതായി കണ്ടെത്തി.

ഇതിനിടെ, ടിപ്പർഡ്രൈവർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ലോറി മോഷണംപോയ സന്ദേശം പ്രചരിച്ചു. വയനാടുഭാഗത്തേക്ക് ലോറി സഞ്ചരിക്കുന്നത് കണ്ടതായി ടിപ്പർലോറി ഡ്രൈവർമാർ ഗ്രൂപ്പിൽ മറുപടിസന്ദേശം നൽകി. ഉടനെ മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷ് കല്പറ്റ ഇൻസ്പെക്ടർ ബിജുവിനെ ബന്ധപ്പെട്ടു.

ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് കല്പറ്റ ഇൻസ്പെക്ടർ സിജു ഗുണ്ടൽപേട്ടിൽ ആയിരുന്നു. ലോറി കളവുപോയിട്ടുണ്ടെന്നും യാത്രമധ്യേ കണ്ടെത്തിയാൽ പിടികൂടണമെന്നും സന്ദേശം നൽകി.

തുടർന്ന് കേരള അതിർത്തി കടന്ന് 11 കിലോമീറ്റർ അകലെ ഗുണ്ടൽപേട്ട ആനക്കുളത്ത് ടിപ്പർലോറി കണ്ടെത്തി. ഡീസൽ തീർന്നതിനെത്തുടർന്ന് നടുറോഡിൽ കുടുങ്ങിയ ടിപ്പർലോറിയും ഡ്രൈവറെയും പോലീസ് പിടികൂടുകയായിരുന്നു. 25 കിലോമീറ്റർ അകലെ ചെന്ന് ഡീസൽ വാങ്ങിക്കൊണ്ടുവന്ന് ഒഴിച്ചിട്ടും ലോറി സ്റ്റാർട്ടായില്ല.

തുടർന്ന് ഗുണ്ടൽപേട്ടിൽനിന്ന് വർക്‌ഷോപ്പ് ജീവനക്കാരെ കൊണ്ടുവന്നാണ് ലോറി നന്നാക്കിയത്. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.

രാത്രി ഒമ്പതുമണിയോടെയാണ് വനത്തിനുള്ളിൽ കുടുങ്ങിയ ലോറി നന്നാക്കിയത്. പുലർച്ചയോടെ ലോറിയെയും പ്രതിയെയും മുക്കത്ത് എത്തിച്ചു. ഇൻസ്പെക്ടർ കെ. പ്രജീഷ്, സി.പി.ഒ. നിതിൻ തോമസ്, ഹോം ഗാർഡ് ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് ലോറി കണ്ടെത്തി ഉടമകൾക്ക് തിരികെനൽകിയത്.

Post a Comment

Previous Post Next Post