Trending

പണവും,ബാഗും തട്ടിയെടുത്തെന്ന് യുവാവിന്‍റെ പരാതി; ഒടുവില്‍ പൊലീസ് അന്വേഷിച്ചപ്പോള്‍ വാദി പ്രതിയായി






ബാലുശേരി: പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പൊലീസ് അന്വേഷിച്ചപ്പോൾ വാദി പ്രതിയായി. വേങ്ങേരി രമ്യ ഹൗസിൽ അമർനാഥ് (19) ആണ് താൻ കുഴിച്ച കുഴിയിൽ തന്നെ വീണത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ സ്കൂട്ടറിലെത്തിയ രണ്ടു പേർ 40,000 രൂപയും ബാഗും വാഹനത്തിലിരിക്കുകയായിരുന്ന തന്‍റെ കയ്യില്‍ നിന്നും തട്ടിയെടുത്തെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. കോഴിക്കോട്ടെ ഒരു പുസ്തക കമ്പനിയിലെ കളക്ഷൻ ഏജന്‍റായി ജോലി ചെയ്യുകയാണ് അമർനാഥ്. തിങ്കളാഴ്ച രാത്രി നന്മണ്ട പതിനാലേ നാലിൽ എത്തിയപ്പോൾ ഡ്രൈവർ വണ്ടി നിർത്തി പുറത്തിറങ്ങിയിരുന്നു. വാഹനത്തിൽ തനിച്ചിരുന്ന അമർനാഥിന്‍റെ നിലവിളി കേട്ട് ഡ്രൈവർ ഓടിയെത്തിയപ്പോഴാണ് പണവും ബാഗും നഷ്ടപ്പെട്ടതായി അറിയുന്നത്. അല്‍പസമയത്തിനു ശേഷം അതുവഴി വന്ന ഹൈവേ പൊലീസ് വാഹനം നിർത്തി പ്രശ്നത്തിൽ ഇടപെട്ടു.

പൊലീസ് നിർദേശപ്രകാരം അമർനാഥ് ഡ്രൈവർക്കൊപ്പം ബാലുശേരി സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഏതാനും സി.സി ടിവി ദൃശ്യങ്ങളുടെ പരിശോധന ഉൾപ്പെടെ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് അമർനാഥിനെ ഇന്നലെ വീണ്ടും സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് പണം തട്ടിയെടുക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായി നടത്തിയ വ്യാജ പരാതിയുടെ ചുരുളഴിഞ്ഞത്. അമർനാഥിന്‍റെ പേരിൽ പൊലീസ് കേസെടുത്തു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

Post a Comment

Previous Post Next Post