കോഴിക്കോട്: യുവ എഴുത്തുകാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ സംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ലൈംഗിക അതിക്രമം, പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. പരാതിക്കാരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കും. ഇത് കൂടി പരിഗണിച്ചാവും മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനമെടുക്കുക. സിവിക് ചന്ദ്രന്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.