
കേരളത്തിലെ പഴം തീനി വവ്വാലുകളെക്കുറിച്ച് പഠിക്കുന്നതിനും അവയുടെ പാരിസ്ഥിതിക പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുന്നതിനും പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രം (കെ.എഫ്.ആർ.ഐ) ആവിഷ്‌കരിച്ച 'ദി ഫ്രൂട്ട് ബാറ്റ് പ്രൊജക്ട്' എന്ന ജനകീയ പൗരശാസ്ത്ര (സിറ്റിസൺ സയൻസ്) പദ്ധതിക്ക് തുടക്കമാകുന്നു. കേരളത്തിൽ ധാരാളം കണ്ടുവരുന്ന പഴംതീനി വവ്വാലുകളെ അടുത്തറിയാനും അവ ചേക്കേറുന്ന സ്ഥലങ്ങൾ കണ്ടെത്തി മാപ്പ് ചെയ്ത് ഗവേഷണാവശ്യങ്ങൾക്കും നയരൂപീകരണത്തിനും ഉപയോഗിക്കാവുന്ന രീതിയിലാണ് ദി ഫ്രൂട്ട് ബാറ്റ് പ്രൊജക്ട് തയാറാക്കിയിരിക്കുന്നത്.
പഴം തീനി വവ്വാലുകളുടെ സങ്കേതങ്ങൾ ആതിഥേയ വൃക്ഷങ്ങൾ എന്നിവ കണ്ടെത്തി മാപ്പ് ചെയ്യുകയും നിരന്തരം നിരീക്ഷിക്കുകയുമാണ് ഈ ജനകീയ പൗരശാസ്ത്ര പദ്ധതിയുടെ ലക്ഷ്യമെന്ന് കെ.എഫ്.ആർ.ഐയിലെ വന്യജീവി വിഭാഗം മേധാവിയും സെന്റർ സിറ്റിസൺ സയൻസ് കോർഡിനേറ്ററുമായ ഡോ. പേരോത്ത് ബാലകൃഷ്ണൻ പറഞ്ഞു. വവ്വാലുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുന്നതിനും പ്രകൃതി കേന്ദ്രീകൃത എകാരോഗ്യ സംവിധാനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കുന്നതിനും പദ്ധതി ഉപകരിക്കും.