*തിരുവനന്തപുരം:* ഭക്ഷ്യസുരക്ഷാ, തദ്ദേശ വകുപ്പുകളുടെ അനുമതി ഇല്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്നതുൾപ്പെടെ ഷവർമ്മ തട്ടുകൾക്ക് ശക്തമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഇവ പാലിക്കേണ്ട മാനദണ്ഡങ്ങൾ തയ്യാറാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ ലൈസൻസിന് അപേക്ഷിക്കുമ്പോൾ ഇത് ഉറപ്പാക്കിയാലേ നൽകൂ. ശുചിത്വം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
ചിക്കൻ മതിയായ രീതിയിൽ വേവാൻ സൗകര്യമുണ്ടെന്നും വാട്ടിയ മുട്ടയിൽ മാത്രം മയോണൈസ് തയ്യാറാക്കുന്നുവെന്നും ഭക്ഷ്യസുരക്ഷാ പരിശോധനാ വിഭാഗം ഉറപ്പാക്കും. ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് വില്പന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ലൈസൻസോടെയാണോ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾ അടിയന്തര പരിശോധന നടത്തും. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് മന്ത്രി എം.വി.ഗോവിന്ദൻ നിർദ്ദേശം നൽകി.
അന്തരീക്ഷ ഊഷ്മാവ് ഉയരുന്ന സാഹചര്യത്തിൽ മാംസാഹാരം പെട്ടെന്ന് കേടാകാൻ സാദ്ധ്യതയുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ മാംസാഹാരം വിൽക്കുന്ന സ്ഥാപനങ്ങളിൽ കൃത്യമായി പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു.