കൂരാച്ചുണ്ട് : രണ്ട് വർഷമായി കൂരാച്ചുണ്ട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ റോയ് ജേക്കബ് 30 വർഷത്തെ സേവനത്തിന് ശേഷം നാളെ വിടവാങ്ങുകയാണ്.
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, തൊട്ടിൽ പാലം, ഉണ്ണികുളം, ഓമശ്ശേരി, കിഴക്കോത്ത്, താമരശ്ശേരി, ഒളവണ്ണ, കൊടിയത്തൂർ മലപ്പുറം ജില്ലയിലെ അരീക്കോട്, കീഴുപറമ്പ് ,ചങ്ങരംകുളം, കരുവാരക്കുണ്ട്, കാവന്തർ, വയനാട് ജില്ലയിലെ പൂതാടി എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾക്ക് ശേഷമാണ് കൂരാച്ചുണ്ട് എത്തുന്നത്.
പൊതുജനാരോഗ്യ രംഗത്ത് ഏറെ നല്ല മാതൃകകൾ കൈവരിച്ച അദ്ദേഹം വയനാട്ടിലെ പൂതാടി (കേണിച്ചിറ) കുടുംബാരോഗ്യ കേന്ദ്രത്തിനെ ഇന്ത്യയിലെ ഏറ്റവും നല്ല സ്ഥാപനങ്ങളിലൊന്നാക്കാനും NQAS അവാർഡ് നേടുന്നതിനും സജ്ജമാക്കി .
ഡെങ്കിപ്പനി ഏറെ പ്രശ്നമായിരുന്ന കൂരാച്ചുണ്ട് പഞ്ചായത്തിൽ കഴിഞ്ഞ 2 വർഷങ്ങളിൽ കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് കൊണ്ടു രോഗ പകർച്ച തടയാൻ അദ്ദേഹത്തിൻ്റെ നേതൃത്വത്തിന് കഴിഞ്ഞു. അതുപോലെ കോവിഡ് പ്രതിരോധത്തിൽ ഏറ്റവും നല്ല മാതൃക കാഴ്ചവെക്കാനും സാധിച്ചു. പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ മുൻകൈയെടുത്ത് കൂരാച്ചുണ്ട് പഞ്ചായത്തിനെ കോഴിക്കോട് ജില്ലയിലെ പകർച്ചവ്യാധികൾ ഇല്ലാത്ത ഒരു പ്രദേശമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
തിരുവമ്പാടിക്കാരനായ റോയ് ജേക്കബിന് ഭാര്യയും ഒരു മകളുമാണ് ഉള്ളത്. ഭാര്യ: മിനി, മകൾ : നിമ. മരുമകൻ: ജെറിൻ ജോർജ്, പിറവം
