Trending

കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിൽ : ഒരു കോടിയുടെ വികസനപദ്ധതി




കൂരാച്ചുണ്ട് : പട്ടികവർഗ വികസനവകുപ്പിന്റെ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയുടെ ഭാഗമായി കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിൽ ഒരു കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കും.കോളനിയുടെ സമഗ്ര
വികസനത്തിനായുള്ള അടിസ്ഥാനസൗകര്യങ്ങൾ, സാമൂഹിക, സാമ്പത്തിക പ്രവർത്തനങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാന ആവശ്യങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള വികസനപ്രവർത്തനങ്ങളാണ് നടത്തുക.

ഇതേപ്പറ്റി ചർച്ചചെയ്യുന്നതിനായി കോളനിയിൽ സംഘടിപ്പിച്ച പ്രത്യേക ഊരുകൂട്ടം കെ.എം. സച്ചിൻദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.15 വീടുകളിലായി 20 കുടുംബങ്ങളാണ് കോളനിയിലുള്ളത്.

എല്ലാവർക്കുമുതകുന്ന തരത്തിലുള്ള വിവിധോദ്ദേശ്യ കെട്ടിടം പണിയുക, സാമൂഹിക പഠനമുറി, വിദ്യാർഥി ക്ലബ്ബ്, കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ജലലഭ്യത ഉറപ്പുവരുത്തുന്ന കുടിവെള്ളപദ്ധതി, തകർന്ന റോഡുകളുടെ നവീകരണം, ഓവുചാൽ നിർമാണം, വീടുകളിലേക്കുള്ള നടപ്പാത, കോളനിയിലെ പുഴയോരം കെട്ടിസംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഊരുകൂട്ടത്തിൽ ഉയർന്നുവന്നിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ സന്ദർഭങ്ങളിലും
കോളനിയിൽനിന്നും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരാറുണ്ട്. ഇത്തരംസന്ദർഭങ്ങളിലും പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള മൾട്ടിപർപ്പസ് ബിൽഡിങ് പണിയുന്നതിന് ഊരുകൂട്ടത്തിൽ
ധാരണയായി.

ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. വിശദമായ പദ്ധതിറിപ്പോർട്ടും അടങ്കലും തയ്യാറാക്കി സ്റ്റേറ്റ് കമ്മിറ്റിക്ക് അയച്ച് ഫണ്ട് ലഭ്യമാകുന്നമുറയ്ക്ക് നവീകരണപ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആദിവാസി പ്രതിനിധി മാണി അമ്പലക്കുന്ന് കോളനി യോഗത്തിൽ അധ്യക്ഷനായി.

കോഴിക്കാട് ജില്ല പട്ടികവർഗ വികസന ഓഫീസർ ബെന്നി പി. തോമസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്. സലീഷ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. ഹസീന,പഞ്ചായത്തംഗങ്ങളായ ഡാർളി ജോസ്, ജെസ്സി കരിമ്പനയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post