പാരിസ്: ലോകത്ത് വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപിക്കുന്നതിനിടെ ഫ്രാൻസിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. ഫ്രാൻസിലെ മാഴ്സെയിലാണ് പന്ത്രണ്ടോളം പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇതിന് വേരിയന്റ് ഐഎച്ച്യു (ബി.1.640.2) എന്നാണ് പേര് നൽകിയിരിക്കുന്നത്. ഐഎച്ച്യു മെഡിറ്റെറാൻ ഇൻഫെക്ഷൻ എന്ന ഗവേഷണസ്ഥാപനത്തിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്.
വുഹാനിൽ പടർന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തിൽ നിന്ന് ഐഎച്ച്യുവിന് 46 ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഒമിക്രോണിനേക്കാൾ മാരകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്സിനുകളെ അതിജീവിക്കാൻ ഇതിനു കഴിയുമെന്നും ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
ആഫ്രിക്കൻ രാജ്യമായ കാമറൂണുമായി യാത്രാപശ്ചാത്തലമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. കാമറൂണിൽ പോയ ശേഷം തിരികെ എത്തിയ ഒരു വ്യക്തിയിലും ഇയാളുമായി സമ്പർക്കമുണ്ടായ മറ്റുള്ളവരിലുമാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ വകഭേദത്തിന്റെ രോഗതീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളിൽ ശാസ്ത്രീയമായ വിശദീകരണങ്ങൾ പുറത്തുവന്നിട്ടില്ല. ഇതു മറ്റു രാജ്യങ്ങളിൽ കണ്ടെത്തുകയോ ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ പെടുത്തുകയോ ചെയ്തിട്ടില്ല.