Trending

കൊവിഡ് മൂന്നാം തരംഗം അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ മൂര്‍ദ്ധന്യത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്




▪️തിരുവനന്തപുരം: രാജ്യം ഇപ്പോള്‍ കൊവിഡ് മൂന്നാം തരംഗത്തിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപകമായ സാഹചര്യത്തിലാണ് രാജ്യത്ത് മൂന്നാം തരംഗം സ്ഥിരീകരിക്കപ്പെട്ടത്. 

ആദ്യഘട്ടത്തില്‍ പ്രധാന നഗരങ്ങളിലാണ് കൊവിഡ് കേസുകളില്‍ വര്‍ധനവ് കണ്ടതെങ്കില്‍ ഇപ്പോള്‍ അത് ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്തെ കൊവിഡ് മൂന്നാം തരംഗം അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

നേരത്തെ രണ്ടാം തരംഗത്തിന് കാരണമായത് ഡെല്‍റ്റ എന്ന വകഭേദമായിരുന്നു. ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ കഴിയുമെന്നതായിരുന്നു ഡെല്‍റ്റയുടെ പ്രത്യേകത. ഇതിനെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്തുമെന്നതാണ് ഒമിക്രോണിന്റെ പ്രത്യേകത. 

മുംബൈ, ദില്ലി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലാണ് മൂന്നാം തരംഗത്തില്‍ ആദ്യം കൊവിഡ് കേസുകളില്‍ വര്‍ധനവ് കണ്ടിരുന്നത്. എന്നാലിപ്പോള്‍ ഇവിടങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 'ബാലന്‍സ്ഡ്' ആയെന്നും, അതേസമയം ഗ്രാമങ്ങളില്‍ കൂടുതലായി കേസുകള്‍ വരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 

രണ്ടാം തരംഗസമയത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണം കൂടുതലാണെന്നതിനാല്‍ രോഗതീവ്രത താരതമ്യേന കുറവായിരിക്കാമെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഒരേസമയം കേസുകള്‍ ഒരമിച്ച് വരുന്നത് തീര്‍ച്ചയായും ആരോഗ്യമേഖലയ്ക്ക് തളര്‍ച്ച സമ്മാനിക്കും. എന്നാലിക്കുറി രാജ്യത്തെ ആരോഗ്യമേഖല അല്‍പം കൂടി തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

മഹാമാരി എന്ന നിലയില്‍ നിന്ന് കൊവിഡ് മാറിയെന്നും ഇത് പലരിലും നിസംഗമനോഭാവമുണ്ടാക്കുന്നുണ്ട്, അത് അപകടം വരുത്തുമെന്നും കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. നിശ്ചിത സമയത്തേക്ക് ഒന്നിച്ച് വലിയൊരു വിഭാഗം ജനത്തെയും ബാധിക്കുന്ന പകര്‍ച്ചവ്യാധിയെ ആണ് മഹാമാരിയെന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ നിലവില്‍ കൊവിഡ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. 

Post a Comment

Previous Post Next Post