കൂനൂർ സൈനീക ഹെലികോപ്ടർ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. ഇന്ന് രാവിലെ ബംഗലൂരുവിലെ കമാൻഡ് ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ജീവൻ തിരിച്ചു പിടിക്കാൻ കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ വരുണ്‍ സിംഗ് ധീരതയ്ക്കുള്ള ശൗര്യചക്രം നേടിയിട്ടുണ്ട്.
അപകടത്തിൽ എൺപത് ശതമാനത്തിലേറെ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായാണ് ബംഗലൂരുവിലെ എയർഫോഴ്സ് കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയത്. മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന ശുഭവാർത്തയും ഇതിനിടെ വന്നിരുന്നു. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം മുഴുവൻ.
കുനൂരിൽ അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്ന പതിനാലിൽ പതിമൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു. അന്ന് ജീവനോടെ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമായിരുന്നു. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ ഊട്ടി കുനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള കട്ടേരി പാർക്കിലാണ് MI 17v5 എന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെടുകയായിരുന്നു.ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം വരുണ്‍ സിംഗ് ഓടിച്ചിരുന്ന എയര്‍ക്രാഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗ്ധ്യമാണ് വരുണ്‍ സിംഗിന്‍റെ ജീവന്‍ രക്ഷിച്ചത്. ഉയർന്ന് പറക്കുമ്പോള്‍ എയര്‍ക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നു. എന്നാല്‍ തകരാർ മനസ്സിലാക്കി മനസ്സാന്നിധ്യം കൈവിടാതെ അദ്ദേഹം ഉയരം ക്രമീകരിച്ച് എയര്‍ക്രാഫ്റ്റ് നിലത്തിറക്കി. സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കിയാണ് വരുണ്‍ സിംഗിന്‍റെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചത്.
വെല്ലിംങ്ങ്ടണ്‍ ഡിഫന്‍സ് സർവീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫായി സേവനം അനുഷ്ഠിക്കവേ വീണ്ടും അപകടം സംഭവിക്കുകയായിരുന്നു. ബിപിന്‍ റാവത്തിനെ സ്വീകരിക്കാനായാണ് വരുണ്‍ സിംഗ് സുലൂരിലേക്ക് പോയത്. റിട്ട കേണല്‍ കെ പി സിംഗാണ് വരുണ്‍ സിംഗിന്‍റെ പിതാവ്. സഹോദരന്‍ തനൂജും നേവി ഉദ്യോഗസ്ഥനാണ്.