ജീവനും ആരോഗ്യത്തിനും ഹാനികരമായ ലഹരിയെ പ്രതിരോധിക്കാൻ വിവിധ
ബോധവത്കരണ പരിപാടികളുമായി കൂരാച്ചുണ്ട് പഞ്ചായത്തിലെ വിദ്യാലയങ്ങൾ. പഞ്ചായത്ത്, പോലീസ്- എക്സൈസ്- ഹെൽത്ത് ഡിപ്പാർട്ട്മെന്റുകൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടികൾക്ക് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് തുടക്കം കുറിക്കും.
ലഹരി വിരുദ്ധ റാലി, ബോധവത്കരണ സെമിനാർ, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ, സമൂഹ ചിത്രരചന, പോസ്റ്റർ നിർമാണം, മുദ്രാവാക്യ രചന തുടങ്ങിയ പരിപാടികളാണ് നടത്തുന്നത്. സ്കൂളുകളിൽ 25 വീതം ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന തൂഫാൻ വാരിയർ സ്‌ക്വാഡ് രൂപീകരിക്കും.
തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കലാ- കായിക പരിശീലനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കും. ലഹരിയിൽ അകപ്പെട്ട വിദ്യാർഥികൾക്കായി കൗൺസിലിംഗ് സൗകര്യം ഏർപ്പെടുത്തും. വാർഡുതല ജാഗ്രതസമിതികളുടെ പ്രവർത്തനം ഊർജിതമാക്കും.
Tags:
latest